17 September, 2025 12:12:08 PM


വനം വകുപ്പ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ



വയനാട്: വയനാട്ടിൽ വനിതാ വനംവകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. പടിഞ്ഞാറത്തറ പൊലീസ് അന്വേഷിക്കുന്ന കേസിൽ, രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. വനംവകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

പരാതിക്കാരിയായ യുവതിക്ക് മേൽ രതീഷ് കുമാർ സമ്മർദ്ദം ചെലുത്തുന്നതിന്റെ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ സംഭാഷണത്തിൽ പറയുന്നുണ്ട്. കേസിൽ നിന്ന് പിൻമാറിയാൽ എന്ത് സഹായത്തിനും തയ്യാറാണെന്നും പണം വാഗ്ദാനം ചെയ്തും പ്രതി സ്വാധീനിക്കാൻ ശ്രമിക്കുന്നു. എന്നാൽ, തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി തിരിച്ച് ചോദിക്കുന്നതും സംഭാഷണത്തിലുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥ പരാതി നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് രതീഷ് കുമാറിനെ സുഗന്ധഗിരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ, പടിഞ്ഞാറത്തറ പൊലീസ് കേസിൽ അന്വേഷണം തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935