08 September, 2025 07:36:16 PM
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച്ച

കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച്ച (സെപ്റ്റംബർ 10) വൈകിട്ടു നാലു മണിക്ക് പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
2024-25, 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഡോ. ബി.ആർ. അംബേദ്കർ സ്മാരക ഹാൾ, ചെമ്പുംപുറം കമ്മ്യൂണിറ്റി ഹാൾ, 'സൗഹൃദം' വയോജന പാർക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഡോ. ബി.ആർ. അംബേദ്കർ സ്മാരക ഹാൾ: പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്കായി തൊഴിൽ പരിശീലന പരിപാടികൾ അടക്കം നടത്തുന്നതിനായി 32 ലക്ഷം ചെലവിട്ടു നവീകരിച്ചു. ശീതീകരിച്ച ഹാളിൽ 250 പേർക്കുള്ള സൗകര്യം.
ചെമ്പുംപുറം കമ്മ്യൂണിറ്റി ഹാൾ: 24 ലക്ഷം രൂപ വിനിയോഗിച്ചു നവീകരണം. 1800 ചതുരശ്രഅടി വിസ്തീർണ്ണം.
വയോജന പാർക്ക്: പ്രദേശത്തെ വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസത്തിനുള്ള സൗകര്യം ഉറപ്പക്കാൻ 10 ലക്ഷം രൂപ ചെലവിട്ടു നിർമിച്ചു. കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദി ഉൾപ്പെടെയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ എട്ടു മണി വരെ പ്രവർത്തിക്കും. പ്രവർത്തനത്തിനായി 15 അംഗ പ്രാദേശിക സമിതി.