24 October, 2025 09:01:45 PM
പാലായിൽ രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ നിയമം ലംഘിച്ച് ബൈക്ക് ഓടിച്ച സംഭവം; 3 പേർ പിടിയിൽ

പാലാ: പാലായില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണ സമയത്ത് നിയമംലംഘിച്ച് ബൈക്കില്‍ പാഞ്ഞ മൂന്ന് യുവാക്കളെ പിടികൂടി പൊലീസ്. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് ഗതാഗത നിയന്ത്രണം ലംഘിച്ചതിന് പൊലീസിന്റെ പിടിയിലായത്.
പാല സെന്റ് തോമസ് കോളജിനു മുന്നിലായിരുന്നു സംഭവം. രാഷ്ട്രപതി എത്തുന്നതിന് തൊട്ട് മുൻപ് ഒരു ബൈക്കില്‍ മൂന്നുപേർ ഇരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയായിരുന്നു. പൊലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇവർ നിർത്താതെ പോയി. ബൈക്കിന് പിൻ സീറ്റില്‍ ഇരുന്ന മറ്റ് രണ്ടുപേർ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നിർത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് കസ്റ്റഡില്‍ എടുക്കുകയും ചെയ്തിരുന്നു.




