28 July, 2025 10:00:50 PM
മന്ത്രി രംഗത്ത്; തിരു ഏറ്റുമാനൂരപ്പൻ ബസ് ബേയ്ക്ക് ശാപമോക്ഷമാകുന്നു

ഏറ്റുമാനൂർ : ശോച്യാവസ്ഥയിലായ തിരു ഏറ്റുമാനൂരപ്പൻ ബസ് ബേയ്ക്ക് ശാപമോക്ഷമാകുന്നു. എം.സി റോഡിൽ ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ പഞ്ചായത്ത്ഡി വിഷൻ മെമ്പർമാർ തമ്മിലുള്ള തർക്കങ്ങളുടെ പേരിലാണ്അ നാഥമാക്കപ്പെട്ടത്.
ഹരിവരാസനം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ജില്ല കൗൺസിൽ മെമ്പർ ആയിരുന്ന ജോസ് മോൻ മുണ്ടക്കൽ ആണ് ഈ ബസ്ബെ പണികഴിപ്പിക്കുവാൻ മുൻകൈ എടുത്തത്. എന്നാൽ അന്ന് ഇതോടൊപ്പം വിഭാവനം ചെയ്ത ലൈറ്റ്, ഫാൻ, കുടിവെള്ളം ഇവയൊന്നും യാത്രക്കാർക്ക് നാളിതുവരെ ലഭ്യമായിട്ടില്ല. ജില്ലാ കൗൺസിൽ പ്രസിഡന്റ് നിർമല ജിമ്മിയുമായി ജോസ്മോനുണ്ടായ അഭിപ്രായവ്യത്യാസങ്ങളായിരുന്നു ഇതിന് പ്രധാന കാരണമായത്.
പിന്നാലെ വാഹനമിടിച്ച് മേൽക്കൂര തകർന്നു. ചുറ്റും മാലിന്യങ്ങൾ നിറഞ്ഞു മൂക്ക് പോത്താതെ ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയുമായി. ജില്ലാ പഞ്ചായത്ത് നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് പുനരുദ്ധരിക്കാൻ തങ്ങൾക്കാവില്ല എന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. ഇതോടെ ഉപേക്ഷിക്കപ്പെട്ട നിലയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം
പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതി ദേവസ്വം മന്ത്രി വി എൻ വാസവന് നിവേദനം നൽകി.
അനുകൂല നിലപാടുമായി മന്ത്രി രംഗത്തെത്തിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷം ലഭിക്കുമെന്ന് ഉറപ്പായി. കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുത്തി ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.കെ. രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.