03 July, 2025 12:11:36 PM
കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; ഇടിഞ്ഞു വീണത് ഉപേക്ഷിച്ച വാർഡ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് ഇടിഞ്ഞു വീണ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്. ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്.
മന്ത്രി വിഎൻ വാസവനും ആരോഗ്യമന്ത്രി വീണ ജോർജും സ്ഥലത്തെത്തിയിട്ടുണ്ട്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് പരിശോധിക്കുകയാണ്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.
സർജറി ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലായിരുന്നു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നുവെന്നും മന്ത്രി വീണ പറഞ്ഞു.