19 June, 2025 03:33:15 PM
ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ, യുവതി ജീവനൊടുക്കി; 3 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പൊലീസ് അറസ്റ്റ്‌ചെയ്തു. റസീന എഴുതിയ കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
കായലോട് അച്ചങ്കര പള്ളിക്കു സമീപം ഞായറാഴ്ച വൈകിട്ട് മൂന്നോടെ കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് 8.30ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.