17 August, 2026 09:53:49 AM


യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പരീക്ഷ വീണ്ടും നടത്തും



ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളില്‍ നിരവധി പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ 22 മുതല്‍ 30 വരെ നടത്തിയ പരീക്ഷകളാണ് വീണ്ടും നടത്തുക. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണ് പുനഃപരീക്ഷ നടത്തുന്നത്. പരീക്ഷയിലെ ചോദ്യപേപ്പറുകളില്‍ വസ്തുതാപരമായ പിഴവുകള്‍, അച്ചടിപ്പിശകുകള്‍, വിവര്‍ത്തന പിശകുകള്‍, വ്യാകരണ പിഴവുകള്‍, തെറ്റായ പദപ്രയോഗങ്ങള്‍, ചോദ്യങ്ങളുടെ ആവര്‍ത്തനം തുടങ്ങിയവ കണ്ടെത്തിയതായി എന്‍ടിഎ അറിയിച്ചു.

പുനഃപരീക്ഷാ തീയതികള്‍

ഇംഗ്ലീഷ്: സെപ്റ്റംബര്‍ 9, രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ
കൊമേഴ്സ്: സെപ്റ്റംബര്‍ 9, ഉച്ചയ്ക്ക് 3 മുതല്‍ വൈകിട്ട് 6 വരെ
സോഷ്യോളജി: സെപ്റ്റംബര്‍ 10, രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ

പരീക്ഷാ കേന്ദ്രം, നഗര വിവരങ്ങള്‍, അഡ്മിറ്റ് കാര്‍ഡ് എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിക്കും. ഈ മൂന്ന് വിഷയങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്ന് പുനഃപരീക്ഷയ്ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും എന്‍ടിഎ അറിയിച്ചു. പരീക്ഷാ ചോദ്യപേപ്പറുകള്‍ പരിശോധിക്കാന്‍ എന്‍ടിഎ രൂപീകരിച്ച സമിതിയാണ് പിഴവുകള്‍ കണ്ടെത്തിയത്. പ്രമുഖരുടെ പേരുകളിലെ അക്ഷരത്തെറ്റുകള്‍, പുസ്തകങ്ങളുടെ പേരുകളിലെ പിശകുകള്‍, ചോദ്യങ്ങളുടെ വാചക ഘടനയിലെ പ്രശ്‌നങ്ങള്‍, ചിഹ്നങ്ങളിലെ പിഴവുകള്‍ എന്നിവയ്‌ക്കൊപ്പം നേരത്തെ ചോദിച്ച ചോദ്യങ്ങളുടെ ആവര്‍ത്തനവും കണ്ടെത്തിയതായി ഏജന്‍സി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295