13 May, 2026 09:20:21 AM


എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; ഇന്ന് നിർണായക യോഗം



തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം വരിക. ഈ മാസം 15ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. ഇതേ തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.

ഫലം പരിശോധിക്കാൻ പരീക്ഷാബോർഡ് ചേർന്ന ശേഷം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസം കൂടി വേണ്ടി വരും. ഇത് അനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. തുടർ നടപടി പൂർത്തിയാക്കി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവനും പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുന്നത്.

എന്നാൽ കേരളത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇതുവരെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സഹചര്യത്തിൽ ചീഫ് സെക്രട്ടറിയോ, പൊതു വിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഫലം പ്രഖ്യാപിക്കുക. 2021-ലെ തെരഞ്ഞെടുപ്പുകാലത്ത് ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉദ്യോഗസ്ഥർ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306