27 March, 2026 08:26:51 PM
ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ; എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നെന്നും സുരേഷ് ഗോപി. മാറ്റം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിവരങ്ങൾ ഇ മെയില്‍ മുഖേന അറിയിക്കണമെന്നും നിർദേശം. നാളെയാണ് മാറ്റം അറിയിക്കാനുള്ള അവസാന തിയിതി. jeemain.query@nta.ac.in എന്ന മെയിൽ വിലാസത്തിൽ വിവരങ്ങള്‍ നല്‍കാം.
സുരേഷ് ഗോപിയുടെ കുറിപ്പ്
വരുന്ന ഏപ്രിൽ 2 മുതൽ 10 വരെ നടക്കാനിരിക്കുന്ന ജെഇഇ (Main) 2026 രണ്ടാം ഘട്ട പരീക്ഷകൾ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലെ ഈസ്റ്റർ ഞായർ (ഏപ്രിൽ 5) ദിനത്തില്‍ ഉൾപ്പെട്ടത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ഈ വിഷയത്തിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജിക്കും കത്തുകൾ അയച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജി അല്പം മുൻപ് എന്നെ ഫോണിൽ ബന്ധപ്പെടുകയും, ഈസ്റ്റർ ദിനമായ ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക:
ഏപ്രിൽ 5-ലെ പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 28, 2026.
വിദ്യാർത്ഥികളുടെയും വിശ്വാസസമൂഹത്തിന്റെയും ആശങ്കകൾക്ക് പരിഹാരം കാണാൻ തയ്യാറായ കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.




