25 August, 2026 10:45:26 AM


നീറ്റ് പി.ജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്



തിരുവനന്തപുരം: നീറ്റ് പി.ജി 2026 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. രാജ്യത്തുടനീളം ഒറ്റ ഷിഫ്റ്റിലായിരിക്കും പരീക്ഷ. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷാ സമയം. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഓഗസ്റ്റ് 25 മുതൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

ഓഗസ്റ്റ് 24ന് അഡ്മിറ്റ് കാർഡ് വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് തീയതി മാറ്റുകയായിരുന്നു. ഇത്തവണ പരീക്ഷയുടെ ഘടനയിലും മാറ്റമുണ്ട്. ചോദ്യങ്ങളുടെ എണ്ണം 200ൽ നിന്ന് 180 ആയി കുറച്ചിട്ടുണ്ട്. ആകെ 720 മാർക്കിനാണ് പരീക്ഷ. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് വീതം നെഗറ്റീവ് മാർക്കുണ്ടാകും. പരീക്ഷയുടെ ആകെ ദൈർഘ്യം മൂന്ന് മണിക്കൂർ 30 മിനിറ്റാണ്.

രാജ്യത്തുടനീളം ഒരേ സമയം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നതിനാൽ ഇത്തവണ സ്കോർ നോർമലൈസേഷൻ രീതി ഒഴിവാക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഉദ്യോഗാർഥികൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന പേര്, ഫോട്ടോ, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗാർഥികൾ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302