11 August, 2026 04:39:37 PM
തുല്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ച വാർത്ത വസ്തുതാവിരുദ്ധം- രജിസ്ട്രാർ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യു.ജി.സി. മാനദണ്ഡങ്ങൾ പാലിക്കാതെ തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നു എന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സർവകലാശാലാ രജിസ്ട്രാർ അറിയിച്ചു. വിദൂര വിദ്യാഭ്യാസം വഴി പഠിച്ചവർക്ക് നിലവിൽ 2017ലെ യു.ജി.സി. ഓപ്പൺ ആന്റ് ഡിസ്റ്റൻസ് ലേണിങ് റെഗുലേഷൻസ് പ്രകാരമാണ് തുല്യതാ/യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകിവരുന്നത്. റെഗുലേഷൻസ് നിലവിൽ വരുന്നതിനുമുൻപ് വിദൂരവിദ്യാഭ്യാസം വഴി നേടിയ ബിരുദങ്ങളുടെ തുല്യത സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അതത് സർവകലാശാലകൾക്ക് അധികാരമുണ്ടെന്ന് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് 2018 നവംബർ 13ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ഉത്തരവ് സർവകലാശാല നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ, യുജിസിയുടെ 2022 മാർച്ച് 25ലെയും മെയ് 27ലെയും പൊതു അറിയിപ്പുകളുടെ അടിസ്ഥാനത്തിൽ, അണ്ണാമലൈ, പെരിയാർ സർവകലാശാലകളിലെ 2015-16 അക്കാദമിക് വർഷം മുതലുള്ള അംഗീകാരമില്ലാത്ത ഓപ്പൺ ആന്റ് ഡിസ്റ്റൻസ് ലേണിങ് കോഴ്സുകൾക്ക് സർവകലാശാല തുല്യതാ/യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല എന്നും രജിസ്ട്രാർ അറിയിച്ചു.


