16 June, 2026 11:44:54 AM


നീറ്റ് പുനഃപരീക്ഷ: ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം



ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്രം. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി. നടപടിയുടെ ഭാഗമായി ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി. ജൂണ്‍ 22 വരെ ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്തും.

എന്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘകളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിള്‍ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടെലഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചര്‍ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ തെളിവുകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് എന്‍ടിഎ പറയുന്നത്. ചാനലിന്റെ അഡ്മിന്മാര്‍ക്ക് പഴയ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ പറ്റുമെന്നും പരീക്ഷ എഴുതിയതിന് ശേഷം ചോദ്യ പേപ്പറുകള്‍ അറ്റാച്ച് ചെയ്ത് ഈ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നും എന്‍ടിഎ പറയുന്നു.

ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ത്തി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതില്‍ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെയായിരുന്നു എന്‍ടിഎ വീഴ്ച തുറന്നുസമ്മതിച്ചത്. നീറ്റ് ചോദ്യ ചോര്‍ച്ചയ്ക്ക് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാനോ കൃത്യമായ മറുപടി നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303