16 October, 2025 07:16:43 PM


ഭാവിയിലെ ഉന്നത വിദ്യാഭ്യാസ മേഖല; ആശയങ്ങള്‍ സ്വരൂപിക്കാന്‍ വിഷന്‍ 2031 സെമിനാര്‍ ഒക്ടോബര്‍ 18ന്



കോട്ടയം:സംസ്ഥാന രൂപീകരണത്തിനു ശേഷം 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2031ല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് ആശയങ്ങള്‍ സമാഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ ഒക്ടോബര്‍ 18ന് കോട്ടയത്തു നടക്കും. മാമ്മന്‍ മാപ്പിള ഹാള്‍, ബി.സി.എം കോളജ്, ബസേലിയോസ് കോളജ് എന്നിവയാണ് വേദികള്‍. വിഷന്‍ 2031; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാവി ലക്ഷ്യങ്ങള്‍ എന്ന സെമിനാര്‍   രാവിലെ 9.30ന് മാമ്മന്‍ മാപ്പിള ഹാളില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങോടെയാണ് ആരംഭിക്കുക.

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു സമീപന രേഖ അവതരിപ്പിക്കും. കഴിഞ്ഞ ഒന്‍പതു വര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് വിശദമാക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ. സുധീര്‍ എന്നിവര്‍ സംസാരിക്കും.

 തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ. രാജന്‍ ഗുരുക്കളുടെ അധ്യക്ഷതയില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ മുംബൈ ഐഐടിയിലെ എമറ്റിറ്റസ് പ്രഫസര്‍  എന്‍.വി. വര്‍ഗീസ്, കൊച്ചി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഗംഗന്‍ പ്രതാപ്, ഡിജിറ്റല്‍ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. ശ്യാം ബി. മോഹന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

സെമിനാറിന്‍റെ ഭാഗമായി മാമ്മന്‍ മാപ്പിള ഹാള്‍, ബി.സി.എം കോളജ്, ബസേലിയോസ് കോളജ് എന്നിവിടങ്ങളിലായി എട്ടു സമാന്തര സെഷനുകള്‍  നടക്കും. സര്‍വകലാശാലാ ഭരണവും പരിഷ്‌കാരങ്ങളും, സാങ്കേതികവിദ്യയും ഭാവി പഠനവും, പാഠ്യപദ്ധതി-ബോധനരീതി-അധ്യാപന പരിശീലനം,  ഗവേഷണം-നവീനത്വം-ജ്ഞാനോത്പാദനം, നൈപുണ്യവികസനം-തൊഴിലധിഷ്ഠിത പഠനം, അന്താരാഷ്ടവത്കരണവും സ്റ്റഡി ഇന്‍ കേരള പദ്ധതിയും, സാമൂഹിക ഇടപെടലുകളും വിദ്യാഭ്യാസ മൂല്യങ്ങളും, ഗുണമേന്മ-അക്രഡിറ്റേഷന്‍-പശ്ചാത്തല സൗകര്യ മികവ് എന്നിങ്ങനെ എട്ടു മേഖലകള്‍ തിരിച്ചാണ്  സെഷനുകള്‍.

കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എം.വി. നാരാണയന്‍, പ്രഫ. സജി ഗോപിനാഥ്, എന്‍ഐഐഎസ് ടി മുന്‍ ഡയറക്ടര്‍ പ്രഫ. സുരേഷ് ദാസ്, കൊച്ചി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. കെ. മധുസൂദനന്‍, ട്രസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് സിഇഒ പ്രഫ. എം.എസ്. രാജശ്രീ, പ്രഫ. എന്‍. വി. വര്‍ഗിസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രഫ. ജിജു പി.അലക്‌സ്, കൊച്ചി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍  പ്രഫ. പി.ജി. ശങ്കരന്‍ എന്നിവര്‍ സമാന്തര  സെഷനുകളില്‍   അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് 2.30ന് പാനല്‍ ചര്‍ച്ചകളുടെ സംഗ്രഹം അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍- മെംബര്‍ സെക്രട്ടറി പ്രഫ. രാജന്‍ വര്‍ഗീസ് മോഡറേറ്ററാകും. 3.30ന് നടക്കുന്ന സമാപന ചടങ്ങില്‍ മന്ത്രി. ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും.

 ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാല പ്രവര്‍ത്തനപരിചയമുള്ള വിദഗ്ദ്ധരും അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി-മാനേജ്മെന്‍റ് സംഘടനാപ്രതിനിധികള്‍,  വകുപ്പിനു കീഴിലുള്ള  സര്‍വകലാശാലകളില്‍ അക്കാദമിക്, ഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍,  അഫിലിയേറ്റഡ് കോളജ്  പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിഷന്‍ 2031നെക്കുറിച്ച് കോളജുകളില്‍ നടന്ന ചര്‍ച്ചകളുടെ സാരാംശവും സെമിനാറില്‍ അവതരിപ്പിക്കും. സെമിനാറില്‍ അവതരിപ്പിക്കപ്പെടുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ ഭാവിസമീപന രേഖയ്ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292