11 May, 2026 09:59:20 AM
മലപ്പുറത്ത് മസാജ് സെന്‍ററിലെത്തിയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: തിരൂർ എറ്റിരിക്കടവിലെ മസാജ് സെന്ററിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി മർദ്ദിക്കുകയും സ്വർണ്ണവും പണവും കവരുകയും ചെയ്ത സംഭവത്തിൽ ഉടമയും രണ്ട് വനിതാ ജീവനക്കാരും പോലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ഉടമ സൗദ്, ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി, ഓച്ചിറ സ്വദേശി വീണ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തലക്കാട് സ്വദേശിയായ മനോജ് കഴിഞ്ഞ ദിവസം രാത്രി 'ഓറ വെൽനെസ് സെന്ററിൽ' മസാജിനായി എത്തിയപ്പോഴായിരുന്നു ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു. വസ്ത്രം മാറിയയുടൻ യുവാവിന്റെ ഫോട്ടോ പകർത്തി. ഇതുകാണിച്ച് 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു.
പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ മനോജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കഴുത്ത് ഞെരിക്കുകയും കയ്യിൽ മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം ഒന്നര പവന്റെ സ്വർണ്ണമാല, 28,500 രൂപ, മോട്ടോർ സൈക്കിൾ, പവർ ബാങ്ക് എന്നിവ പ്രതികൾ കവർന്നെടുത്തു. വിരലിലെ മോതിരം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ മനോജ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ ഡിവൈഎസ്പി കെ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയും സൗദിന്റെ പക്കൽ നിന്നും കവർന്ന സ്വർണ്ണമാലയും ബൈക്കും കണ്ടെത്തുകയും ചെയ്തു. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സൗദും സംഘവും ഹണിട്രാപ്പിലൂടെ യുവാവിനെ കുടുക്കാനാണ് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചു എന്ന പരാതിയിൽ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തു.




