31 May, 2026 06:33:38 PM
മലപ്പുറത്ത് പാമ്പ് കടിയേറ്റ രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

പൊന്നാനി: പാമ്പുകടിയേറ്റ് അവശനിലയിൽ പൊന്നാനി സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹല തസ്നിക്കാണ് ആശുപത്രി അധികൃതരിൽ നിന്നും ദുരനുഭവമുണ്ടായതായി ആരോപണം ഉയർന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് പൊലീസ് ഇടപെട്ട ശേഷമാണ് ആശുപത്രി അധികൃതർ ഇവർക്ക് പെയിൻകില്ലറും ആവശ്യമായ ഇൻജക്ഷനും നൽകാൻ തയ്യാറായതെന്നാണ് ആരോപണം.
തുടർച്ചയായി രക്തം ഛർദിക്കുകയും ശരീരമാകെ ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഷഹല അടിയന്തര ചികിത്സയ്ക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും സമയബന്ധിതമായി കൃത്യമായ ചികിത്സ നൽകാൻ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ല. ഇതോടെ അതീവ ഗുരുതരാവസ്ഥയിലായ യുവതി നേരിട്ട് പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.
സ്റ്റേഷനിലിരിക്കെ യുവതി വീണ്ടും രക്തം ഛർദിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ആശുപത്രി അധികൃതരുമായി നേരിട്ട് ബന്ധപ്പെടുകയും അടിയന്തര ചികിത്സ ഉറപ്പാക്കാൻ കർശന നിർദേശം നൽകുകയുമായിരുന്നു. പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടായതോടെയാണ് പിന്നീട് ആവശ്യമായ വൈദ്യസഹായം നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായതെന്ന് ഷഹല വ്യക്തമാക്കി.
പൊന്നാനി താലൂക്ക് ആശുപത്രിയിൽ കാണിക്കണമെന്ന നിർദേശത്തെ തുടർന്ന് എടപ്പാളിൽ നിന്ന് പൊന്നാനിയിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു. പൊലീസ് ഇടപെട്ടതോടെ ചികിത്സ നൽകുകയും ചെയ്തു. ഫിസിഷ്യൻ ഇല്ലാത്തതുകൊണ്ടാണ് ചികിത്സാ നൽകാതിരുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.




