23 May, 2026 07:43:05 PM
ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച സംഭവം; സോനയുടെ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും. സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പൊലീസ്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മെയ് പതിനഞ്ചിന് രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം നടന്നത്.
ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രജിന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല. അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിക്കാന്‍ കാരണമെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കാറില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്നതിനിടെ രജിൻ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.




