04 May, 2026 04:39:47 PM


ബേപ്പൂരിൽ അൻവർ വീണു; 7487 വോട്ടിന് ജയം സ്വന്തമാക്കി മുഹമ്മദ് റിയാസ്



ബേപ്പൂര്‍: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി പിഎ മുഹമ്മദ് റിയാസ് വിജയിച്ചു. 7487 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുഹമ്മദ് റിയാസ് വിജയിച്ചത്. റിയാസ് 81849 വോട്ടുകളും പിവി അന്‍വര്‍ (യുഡിഎഫ് സ്വതന്ത്ര്യന്‍) 74362 വോട്ടുകളും, അഡ്വ. പ്രകാശ് ബാബു (എന്‍ഡിഎ) 26543 വോട്ടുകളും നേടി.

മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ. മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ പിവി അൻവറും തീപാറുന്ന പോരാട്ടമാണ് കാഴ്ചവച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന് യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് എംഎൽഎയായ വ്യക്തിയാണ് മുഹമ്മദ് റിയാസ്. 2016-ൽ വികെസി മമ്മദ് കോയ നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം 2021-ൽ 28,747 ആയി വർദ്ധിപ്പിച്ചാണ് റിയാസ് നിയമസഭയിലെത്തിയത്. മണ്ഡലത്തിൽ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളായിരുന്നു ഇത്തവണ റിയാസിന്റെ പ്രധാന പ്രചാരണ ആയുധം. 

കഴിഞ്ഞ ദിവസം അൻവർ ഒരു വെല്ലുവിളി നടത്തിയിരുന്നു: താൻ തോറ്റാൽ തല മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് എസ്എം സ്ട്രീറ്റിലൂടെ കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്‌റ്റേഷൻ വരെ നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. തോറ്റാൽ റിയാസിനോട് തല മൊട്ടയടിച്ച് നടക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ പേരും ഉയർത്തുന്ന ചോദ്യം. പിവി അൻവർ തന്റെ വെല്ലുവിളി പ്രവർത്തികമാക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ പിവി അൻവർ മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യം എടുത്തു പറഞ്ഞില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. തന്റെ തോൽവിയിലും ഏറ്റവും സന്തോഷവാനാണ് താനെന്ന് അദ്ദേഹം പറയുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306