04 April, 2026 09:08:38 AM
ബിഹാറില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു; 12 പേര്‍ അറസ്റ്റില്‍

പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാള്‍ ആണ് ആദ്യം മരിച്ചത്. എന്നാല്‍ മരണ വിവരം പൊലീസിനെ അറിയിക്കാതെ ഗ്രാമവാസികള്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സംസ്ഥാനത്ത് മദ്യനിരോധന നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കൊലപാതകത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് സ്വര്‍ണ്‍ പ്രഭാത് പറഞ്ഞു. രഘുനാഥ്പൂരില്‍ നിന്നാണ് മരിച്ച ആദ്യത്തെയാള്‍ വ്യാജമദ്യം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മദ്യം എത്തിച്ചുനല്‍കിയയാളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.




