10 July, 2026 10:11:45 AM


ഹരിയാനയിൽ പൊലീസുമായി ഏറ്റുമുട്ടൽ; ഗുണ്ടാ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു



ചണ്ഡീഗഢ്: ഹരിയാനയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു. ദീപക് നാന്ദലെന്ന ഗുണ്ടയുടെ സംഘാംഗങ്ങളാണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ വ്യവസായിയുടെ വീടിന് നേരെ ആക്രമണം നടത്താൻ സംഘം പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഏറ്റുമുട്ടൽ. സംഘർഷത്തിൽ പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘങ്ങൾ ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 പ്രദേശത്തേക്ക് എത്തുത്തുന്നത്. ആയുധധാരികളായ ഒരു സംഘം ആളുകൾ സ്കോർപിയോ എസ്‌യുവിൽ സ്ഥലത്തുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് എത്തിയത്. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികൾ വ്യവസായിയുടെ വീടിന് നേരെ വെടിയുതിർത്തെന്നും പൊലീസ് വ്യക്തമാക്കി. ​​ഗുണ്ടാതലവനിൽ നിന്നും നിരന്തരം ഭീഷണി കോളുകൾ വ്യവസായിക്ക് ലഭിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് രക്ഷപ്പെടാനായി പൊലീസുകാർക്ക് നോരെ വെടിയുതിർക്കുകയും ചെയ്തു. പിന്നാലെ പ്രതികളെ പിടികൂടാനായി പൊലീസും തിരിച്ചടിച്ചു. വെടിവയ്പിൽ അഞ്ച് പ്രതികൾക്ക് വെടിയേറ്റു. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേർ മരിക്കുകയായിരുന്നു. അഞ്ചാം പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമുട്ടലിൽ മൂന്ന് ഗുരുഗ്രാം പോലീസ് ഉദ്യോഗസ്ഥർക്കും വെടിയേറ്റു. മൂവരും ചികിത്സയിലാണ്.

സംഘർഷം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘമടക്കമുള്ള അന്വേഷണ യൂണിറ്റുകൾ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ കയ്യിൽ നിന്നും അഞ്ച് വിദേശ നിർമിത പിസ്റ്റളുകൾ കണ്ടെടുത്തതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309