12 June, 2026 02:33:30 PM


മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മീനാക്ഷി നടരാജന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

പത്രിക തള്ളിയത് വ്യക്തിപരമായ തിരിച്ചടിയല്ല എന്ന് മീനാക്ഷി നടരാജന്‍ പ്രതികരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് കീഴടങ്ങിയെന്നും പോരാട്ടം തുടരുമെന്നും മീനാക്ഷി നടരാജന്‍ പ്രതികരിച്ചു. അതേസമയം മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളിയതിന് എതിരെ രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ആസ്ഥാനത്തിന് പുറത്ത് പൊലീസ് തടഞ്ഞു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും സംസ്ഥാന അധ്യക്ഷന്‍ ജിത്തു പട്വാരിയുടെ നേതൃത്വത്തിലാണ് ഡല്‍ഹിയില്‍ പ്രതിഷേധിച്ചത്. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരെ രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കാന്‍ നേതാക്കള്‍ സമയം തേടിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് ആസ്ഥാനത്ത് പുറത്തേക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തിയത്. കോണ്‍ഗ്രസ് ഐക്യം കണ്ട് ബിജെപിയും നരേന്ദ്ര മോദിയും ഭയന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് നേതാക്കള്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922