01 April, 2026 04:48:06 PM
ദാമ്പത്യപശ്നം: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ ഭാര്യയെ കുറ്റക്കാരിയാക്കാനാകില്ല- ബോംബെ ഹൈക്കോടതി

മുംബൈ: ദാമ്പത്യ ജീവിതത്തിലെ സാധാരണമായ തർക്കങ്ങളുടെയോ കലഹങ്ങളുടെയോ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യയെ പ്രേരണ കുറ്റക്കാരിയാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഉത്തരവിട്ടു. കുടുംബകലഹങ്ങളോ ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങളോ നിയമപ്രകാരമുള്ള പ്രേരണയുടെ പരിധിയിൽ വരില്ലെന്ന് കോടതി നിരീക്ഷിച്ചു.
2019 നവംബറിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ ട്രെയിനിന് മുന്നിൽ ചാടി ഒരാൾ ജീവനൊടുക്കിയ കേസിലാണ് കോടതിയുടെ സുപ്രധാന വിധി. മകന്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്ന് ആരോപിച്ച് പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഭാര്യ നിസ്സാര കാര്യങ്ങൾക്ക് വഴക്കിടാറുണ്ടെന്നും ഭർത്താവിനെ അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോകാറുണ്ടെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് യുവതിക്കെതിരെ പ്രേരണാ കുറ്റം ചുമത്തിയത്.
തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഒരാളെ മരിക്കാൻ പ്രേരിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ പ്രതി പ്രവർത്തിച്ചാൽ മാത്രമേ പ്രേരണ എന്ന കുറ്റം നിലനിൽക്കുകയുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ജീവിതത്തിലെ സാധാരണ കലഹങ്ങൾ, വാക്കുതർക്കങ്ങൾ, അല്ലെങ്കിൽ ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് തുടങ്ങിയ സംഭവങ്ങളെ ജീവനൊടുക്കാനുള്ള പ്രേരണയായി തരംതിരിക്കാനാവില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 306 (പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 108) അനുസരിച്ച്, ഒരാളെ ജീവനൊടുക്കാൻ നിർബന്ധിതനാക്കുന്ന സാഹചര്യമുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ അത് കുറ്റകരമാകൂ.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സാധാരണമായ അഭിപ്രായവ്യത്യാസങ്ങൾ പ്രേരണാ കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് നിരീക്ഷിച്ച കോടതി യുവതിക്കെതിരെയുള്ള കേസും വിചാരണാനടപടികളും റദ്ദാക്കി. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ ജീവനൊടുക്കുന്നതിലേക്ക് നയിച്ചാൽ പോലും അത് പങ്കാളിയുടെ ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ലെന്നാണ് ഈ വിധിയിലൂടെ കോടതി അടിവരയിടുന്നത്.




