09 March, 2026 10:04:47 AM


ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു; കസ്റ്റഡി പീഡനമെന്ന് കുടുംബം



ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. 

രണ്ട് പേരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ആകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാർച്ച് ആറിനായിരുന്നു സംഭവം. ആകാശിന് പുറമെ മറ്റൊരാൾ കൂടി കേസിൽ പ്രതിയാണ്. ഇരുവരെയും മജിസ്ട്രേറ്റ് മാർച്ച് 18 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ആകാശിൻ്റെ മരണം. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. 

മകൻ മരിക്കാൻ കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽവെച്ച് കണ്ടപ്പോൾ ആകാശ് രക്ഷിതാക്കളോട് പൊലീസ് മർദനത്തെ കുറിച്ച് പറഞ്ഞതായി മനുഷ്യാവകാശ പ്രവർത്തകൻ പറഞ്ഞു. രണ്ട് കല്ലുകൾക്കുള്ളിൽ കാൽ കുരുക്കിവെച്ച് പൊലീസ് തല്ലിയതായും ആകാശ് പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.

എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ തന്നെ ആകാശിന് പരിക്കുകളുണ്ടായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ വിശദീകരണം. ശിവഗംഗ മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യനില വഷളായതിനെത്തുടർന്ന് മധുരയിലെ രാജാജി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302