05 March, 2026 11:22:05 AM
അസമിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഗുവാഹത്തി: അസമിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കമലാഖ്യ ദേ പുർകായസ്ഥ, ബസന്ത ദാസ്, ശശികാന്ത ദാസ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയയാണ് മൂവരെയും സ്വീകരിച്ചത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മൂവരെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്. കോൺഗ്രസിനുള്ളിലിരുന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശശികാന്ത ദാസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. കമലാഖ്യ ദേ പുർകായസ്ഥയെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് പുറത്താക്കിയത്.
അസം നിയമസഭ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കേയാണ് എംഎൽഎമാരുടെ കൂടുമാറ്റം. രണ്ട് ദിവസം മുൻപാണ് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. 42 പേരെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. 126 നിയമസഭാ മണ്ഡലങ്ങളാണ് അസമിലുള്ളത്. കഴിഞ്ഞ തവണ 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ ഇത്തവണ എത്ര എന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ 46 സീറ്റുകളിൽ കോൺഗ്രസ് വലിയ വിജയപ്രതീക്ഷയാണുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപായിത്തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.




