28 February, 2026 06:16:00 PM
ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.
ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
കോഴിക്കോട്/നെടുമ്പാശേരി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.
കരിപ്പൂരിൽ റദ്ദാക്കിയ പ്രധാന വിമാനങ്ങൾ: ഇൻഡിഗോ
ഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.
വൈകിട്ട് 4:25-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.
നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ - അബുദാബി സർവീസ്.
എയർ ഇന്ത്യ
ഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.
രാത്രി 7:40-നുള്ള കരിപ്പൂർ - റിയാദ് സർവീസ്.
രാത്രി 7:50-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.
രാത്രി 8:25-നുള്ള കരിപ്പൂർ - ദമ്മാം സർവീസ്.




