09 February, 2026 10:49:29 AM


100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ചു; 45 വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ



ഭോപ്പാല്‍: നൂറ് രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ 45 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് സംഭവം. 1980-ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലീം (65) ആണ് ഇത്രയും കാലത്തിന് ശേഷം നിയമത്തിന് മുന്നിൽ കുടുങ്ങിയത്. 

1980 ല്‍ ബാലസമുദ് കകദ് ഗ്രാമത്തിലാണ് മോഷണം നടന്നത്. അന്ന് സലിം ഷെയ്ഖിന് 20 വയസായിരുന്നു. പിടികൂടാതിരിക്കാന്‍ മുടി മൊട്ടയടിച്ചിരുന്നു. തൊട്ടടുത്തുള്ള ധാര്‍ ജില്ലയില്‍ നിന്നാണ് സലിമിനെ പിടികൂടുന്നത്. അറസ്റ്റ് ചെയ്ത സലിമിനെ കോടതിയില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സലിം മുഹമ്മദും വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്വാഡ പൊലീസ് സ്റ്റേഷന്‍ പ്രദേശത്തെ പൊലീസുകാര്‍ സലിം ഷെയ്ഖിലേയ്ക്ക് എത്തിയത്. പരിശോധന നടത്തിയപ്പോള്‍ ആദ്യം മരിച്ചെന്നായിരുന്നു പൊലീസിന് വിവരം കിട്ടിയത്. ഗോതമ്പ് മോഷണം നടന്ന ഖാര്‍ഗോണ്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്ന് ഏകദേശം 90-100 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയിലെ ബാഗ് പ്രദേശത്ത് ഷെയ്ഖ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസിനോട് ബന്ധുക്കളാണ് വിവരം നല്‍കിയത്. വിവരം കിട്ടിയ ഉടന്‍ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K