06 February, 2026 11:37:34 AM


വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി



ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ വഷളാകുമ്പോൾ ബലാത്സംഗക്കേസുകൾ ഫയൽ ചെയ്ത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് അയാൾക്കെതിരെ ബലാത്സംഗക്കേസ് നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അത്തരം സന്ദർഭങ്ങളിൽ, സ്ത്രീയുടെ വിവാഹം നിലനിൽക്കുന്നതിനാൽ അവർക്ക് നിയമപരമായി മറ്റൊരു വിവാഹം കഴിക്കാൻ അർഹതയില്ലെന്നും, അതിനാൽ 'വിവാഹ വാഗ്ദാനം ലംഘിച്ചു' എന്ന വാദം ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2025 ഫെബ്രുവരിയിൽ ബിലാസ്പൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിന്നുള്ള നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ കഴിഞ്ഞ വർഷം മാർച്ചിലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. കേസിലെ പരാതിക്കാരിയും പ്രതിയും അഭിഭാഷകരാണെന്നും പരാതിക്കാരി 33 വയസ്സുള്ള വിവാഹിതയും പ്രായപൂർത്തിയാകാത്ത ഒരാളുടെ അമ്മയുമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കേസിലെ രേഖകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ, ഐപിസി സെക്ഷൻ 376(2)(n) ചുമത്തേണ്ട ഒരു വസ്തുതയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.

ബലാത്സംഗ നിയമങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, യഥാർത്ഥ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബെഞ്ച് ഓർമിപ്പിച്ചു. കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോൾ നിയമപരമായ ഘടകങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K