04 February, 2026 12:00:24 PM
കൊറിയൻ ഓൺലൈൻ ഗെയിം മാതാപിതാക്കൾ എതിർത്തു; ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി

ഗാസിയാബാദ്: ഓൺലൈൻ ഗെയിം കളിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തതിന് പിന്നാലെ ഉത്തർപ്രദേശിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി. ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. പാക്കി (12), പ്രാചി (14), വിഷിക (16) എന്നീ കുട്ടികളാണ് ജീവെനാടുക്കിയത്. പാർപ്പിട സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് പേരും താഴേയ്ക്ക് ചാടുകയായിരുന്നു. മൂന്ന് സഹോദരിമാരും സ്‌കൂളിൽ പോകുന്നതും, ഉറങ്ങുന്നതും ഉണ്ണുന്നതുമെല്ലാം ഒരുമിച്ചായിരുന്നെന്നാണ് വിവരം.
കഴിഞ്ഞ കൊവിഡ് കാലം മുതൽ കുട്ടികൾക്ക് ഓൺലൈൻ ഗെയിമിനോട് കടുത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊറിയൻ ടാസ്ക്ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിനോടാണ് കുട്ടികൾ കൂടുതൽ താൽപ്പര്യം കാണിച്ചിരുന്നത്. ഓൺലൈൻ ഗെയിമിങ്ങിൽ പതിവായി കൂടുതൽ സമയം ചെലവഴിച്ചിരുന്നതിനാൽ തന്നെ കുട്ടികൾ കൃത്യമായി സ്കൂളിൽ പോലും പോയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. മൂത്ത പെൺകുട്ടിയായ വിഷിക പഠനത്തിലും പിന്നിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.




