21 January, 2026 06:05:20 PM
പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കിയില്ല; വൈപ്പിനില്‍ ഹോട്ടലുടമയ്ക്കും ഭാര്യയ്ക്കും നേരെ ആക്രമണം

കൊച്ചി: പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയ്ക്കും തൊഴിലാളിക്കും നേരെ ആക്രമണം. കൊച്ചിയില്‍ വൈപ്പിന്‍ എടവനക്കാടാണ് സംഭവം. പാഴ്‌സല്‍ വാങ്ങിയ പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നല്‍കിയില്ല എന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഹോട്ടല്‍ ഉടമയ്ക്കും ഭാര്യയ്ക്കും തൊഴിലാളിക്കും നേരെ ആക്രമണമുണ്ടായത്.
ഹോട്ടലില്‍ എത്തിയ യുവാക്കൾ പൊറോട്ട പാഴ്‌സല്‍ വാങ്ങി. ഒപ്പം ഗ്രേവി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ 20 രൂപ തന്നാല്‍ മാത്രമേ ഗ്രേവി നല്‍കാനാകൂവെന്ന് കടയുടമ പറഞ്ഞു. ഇതോടെയാണ് യുവാക്കള്‍ പ്രകോപിതരായത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കടയില്‍ നിന്ന് വാങ്ങിയ പൊറോട്ട കേടായിരുന്നുവെന്ന് ആരോപിച്ച് യുവാക്കള്‍ ഹോട്ടല്‍ ഉടമയെയും ഭാര്യയെയും തൊഴിലാളിയെയും ആക്രമിക്കുകയായിരുന്നു.




