20 January, 2026 03:57:15 PM
എളമക്കരയിൽ വിദ്യാർഥിനിയെ കാർ ഇടിച്ച സംഭവം; അപകടം ഉണ്ടാക്കിയത് പാർക്ക് ചെയ്ത കാർ

കൊച്ചി: എറണാകുളം എളമക്കരയില്‍ സൈക്കിളില്‍ പോയ സ്‌കൂള്‍ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദീക്ഷിതയെ ഇടിച്ചിട്ടത് പുറകില്‍വന്ന കറുത്ത കാറല്ലെന്ന് എളമക്കര പൊലിസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. വഴിയരികില്‍ പാര്‍ക്ക് ചെയ്ത ഈക്കോ വാനിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നപ്പോഴാണ് ദീക്ഷിത സൈക്കിളില്‍നിന്നും വീണത്. വാനിനകത്തുണ്ടായിരുന്ന സുഭാഷ് നഗര്‍ സ്വദേശി രാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വിദ്യാര്‍ഥിനിയെ ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോയി എന്ന തരത്തിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. സൈക്കിളില്‍ വരുന്ന വിദ്യാര്‍ഥി റോഡിലേക്ക് മറിഞ്ഞുവീഴുന്നതും തൊട്ടുപിന്നാലെ വരുന്ന കാര്‍ നിര്‍ത്താതെ മുന്നോട്ടു പോകുന്നതുമായിരുന്നു ആദ്യം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. പിന്നീട് സമീപത്തെ സിസിസിടി കാമറകള്‍ കൂടി പരിശോധിച്ചതോടെയാണ് അപകടം ഉണ്ടാക്കിയത് കറുത്ത കാര്‍ അല്ലെന്ന് കണ്ടെത്തിയത്.
ഈക്കോ വാനിന്റെ ഡോര്‍ തുറക്കുന്നതും വിദ്യാര്‍ഥിനി താഴെ വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടം ഉണ്ടായ ഉടനെ വാനിലുണ്ടായിരുന്ന രാജിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയതും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് എളമക്കര പൊലീസ് നടത്തിയ അന്വഷണത്തിലാണ് ഇടിച്ചിട്ടത് കാറല്ലെന്ന് കണ്ടെത്തിയത്.




