20 January, 2026 11:47:20 AM


ഓഫീസിൽ വെച്ച് സ്ത്രീകളെ ചുംബിക്കൽ; കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ



ബെംഗളൂരു: ഔദ്യോഗിക ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ കര്‍ണാടക ഡിജിപിക്ക് സസ്‌പെന്‍ഷന്‍. കെ. രാമചന്ദ്ര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവതിയുമായുള്ള ഡിജിപിയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പൊതു വാർത്താ ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്ത വീഡിയോകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഡിജിപി രാമചന്ദ്ര റാവുവിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ സർക്കാർ അറിയിച്ചു. 

ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്തതും സർക്കാരിനു തന്നെ നാണക്കേട് ഉണ്ടാക്കുന്നതുമായ അശ്ശീലമായ പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി നിരീക്ഷിച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ വിഷയം പരിശോധിച്ചതായും പ്രഥമദൃഷ്ട്യ റാവുവിന്റെ പെരുമാറ്റത്തിലെ സർവീസസ് നടപ്പു ചട്ടലംഘനം ബോധ്യപ്പെട്ടതായും സർക്കാർ അറിയിച്ചു. അതിൽ അന്വേഷണവിധേയമായി അദ്ദേഹം സസ്‌പെൻഡ് ചെയ്യേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നുണ്ട്.

 രാമചന്ദ്ര റാവു ഓഫീസ് സമയത്ത് യൂണിഫോമിൽ ഒദ്യോഗിക ചേംബറിലിരുന്ന് ഒരു യുവതിയെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോയിൽ അയാൾ ഒരു സ്യൂട്ട് ധരിച്ച് ഇന്ത്യൻ പതാകയ്ക്കും പോലീസ് വകുപ്പിന്റെ ചിഹ്നത്തിനും മുന്നിൽ നിന്ന് സമാനമായ പെരുമാറ്റത്തിലേർപ്പെടുന്നതും കാണാം. പശ്ചാത്തല സംഗീതവും അടിക്കുറിപ്പുകളും ചേർത്താണ് വീഡിയോ പ്രചരിച്ചത്. അതിൽ യുവതിയുടെ മുഖം മറച്ചിരുന്നു.

വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയും കർണാടകയിൽ ഇത് വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തതോടെ റാവു ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും തന്റെ അഭിഭാഷകനുമായി സംസാരിച്ച് ഇക്കാര്യത്തിൽ  വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്റെ മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. അവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K