25 November, 2025 11:28:09 AM


ഹോംവർക്ക് ചെയ്തില്ല; ഛത്തീസ്ഗഡിൽ നാലു വയസുകാരനെ കയറിൽക്കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപകർ



റായ്പൂർ: ഛത്തീസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസുകാരനെ കയറിൽക്കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപകർ. സംസ്ഥാനത്തെ സുരാജ്പൂരിലുള്ള നാരായൺപൂർ ഗ്രാമത്തിലാണ് രണ്ട് വനിതാ അധ്യാപകർ വിദ്യാർത്ഥിയോട് ക്രൂരത കാട്ടിയത്. കുട്ടിയുടെ വസ്ത്രം ഊരിമാറ്റിയശേഷം കയറുകൊണ്ട് കെട്ടി സ്‌കൂൾ ക്യാമ്പസിനുള്ളിലെ മരത്തിൽ കെട്ടിതൂക്കിയിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

സ്‌കൂളിന് സമീപമുള്ള മറ്റൊരു കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. മരത്തിൽ നിസഹായനായി തൂങ്ങിക്കിടന്ന വിദ്യാർത്ഥി തന്നെ താഴെയിറക്കാൻ അധ്യാപകരോട് അപേക്ഷിച്ചിട്ടും ഇരുവരും ദയയില്ലാതെ കുട്ടിയെ നോക്കി സമീപം തന്നെ നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നീ അധ്യാപികമാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളാണ് ഹൻസ് വാഹിനി വിദ്യാ മന്ദിർ. തിങ്കളാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ വിദ്യാർഥി ക്ലാസിലെത്തി. കാജൽ സാഹു എന്ന അധ്യാപിക കുട്ടികളുടെ ഹോംവർക്ക് പരിശോധിക്കുമ്പോഴാണ് ഒരു കുട്ടി മാത്രം അത് ചെയ്തില്ലെന്ന് ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ കുട്ടിയെ ക്ലാസിൽ നിന്നും പുറത്താക്കിയ ശേഷമായിരുന്നു ശിക്ഷ.

കരയുകയും അലറിവിളിക്കുകയും ചെയ്യുന്ന കുട്ടിയെ ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ഡിഎസ് ലാക്ര സ്‌കൂളിലെത്തി അന്വേഷണം നടത്തി. സ്‌കൂൾ മാനേജ്‌മെന്റ് തെറ്റ് അംഗീകരിച്ചിട്ടുണ്ട്. കുട്ടി സുരക്ഷിതനാണ്. അധ്യാപകർക്ക് മാത്രമല്ല ഇത്തരം ശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന സ്‌കൂളിന് നേരെയും നടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935