20 November, 2025 03:37:33 PM


മൂന്നാറില്‍ വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്



തൊടുപുഴ: മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍പ്പെട്ട കുട്ടികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തമിഴ്‌നാട് കരൂരില്‍ നിന്ന് രണ്ട് ബസുകളിലായിരുന്നു വിദ്യാര്‍ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറില്‍ എത്തിയത്. മൂന്നാറിലെത്തിയശേഷം തുടര്‍യാത്രയ്ക്ക് ഇവര്‍ ജീപ്പെടുക്കുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ മറ്റു കുട്ടികള്‍ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍പ്പെട്ട ജീപ്പില്‍ ആകെ എട്ടു വിദ്യാര്‍ഥികള്‍ ആണ് ഉണ്ടായിരുന്നത്. പ്രദേശത്ത് ജീപ്പുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികളുമായി മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി റൂട്ടിലാണ് ജീപ്പ് സഞ്ചരിച്ചത്. നിറയെ വളവുകളുള്ള വഴിയാണിത്. അതിനിടെയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926