09 January, 2026 01:30:51 PM
നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

ഇടുക്കി: നെടുങ്കണ്ടത്ത് മെറ്റൽ കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദു റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം സംഭവിച്ചത്. റോഡ് നിർമ്മാണത്തിനായി മെറ്റൽ കൊണ്ടുവന്ന ലോറി, കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകോട്ട് നീങ്ങി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.




