10 January, 2026 09:38:38 AM
മൂന്നാറിൽ മകനോടുള്ള പകയിൽ അമ്മയുടെ കൈ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ചു; രണ്ടുപേർ അറസ്റ്റിൽ

മൂന്നാർ: മകനോടുള്ള വ്യക്തിവൈരാഗ്യത്തെത്തുടർന്ന് അമ്മയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിലായി. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷൻ സ്വദേശികളായ ജെ. സുരേഷ് (36), നന്ദകുമാർ (25) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ മാട്ടുപ്പട്ടി സ്വദേശിനിയുടെ കൈ ഒടിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മാട്ടുപ്പട്ടി ഭാഗത്തുവെച്ചായിരുന്നു സംഭവം.
ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികൾ തടഞ്ഞുനിർത്തുകയും കമ്പിവടി ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. ഇവരുടെ മകനോട് പ്രതികൾക്കുണ്ടായിരുന്ന വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സ്ത്രീയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിടികൂടിയ പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




