06 January, 2026 02:25:53 PM


കുണ്ടന്നൂരിൽ ആള്‍ താമസമില്ലാത്ത ഫ്ലാറ്റില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി



കൊച്ചി: കുണ്ടന്നൂരിലെ ആള്‍ താമസമില്ലാത്ത ഫ്ലാറ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് വ്യക്തമാക്കി. കരിമുകള്‍ സ്വദേശി സുഭാഷ്(51) ആണ് മരിച്ചത്. സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വീട് വിട്ടിറങ്ങിയ സുഭാഷ് ആള്‍ താമസമില്ലാത്ത ഫ്‌ളാറ്റിന്റെ മുകളിലാണ് കാലങ്ങളായി താമസിച്ച് വരുന്നതെന്ന് പൊലീസ് പറഞ്ഞു. സുഭാഷിന്റെ ബാഗും ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സാധ്യത തള്ളുന്നില്ലെങ്കിലും കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്‌ളാറ്റിന്റെ അടിഭാഗത്ത് വലിയ തീപിടിത്തമുണ്ടായിരുന്നു. ഇതില്‍ കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സുഭാഷ് മരിച്ചത് എന്നാണ് കരുതുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926