15 November, 2025 09:10:51 AM
അമ്മയുടെ അടുത്ത് കിടന്നതിന് 12 കാരനെ മർദിച്ചു; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

എളമക്കര: എറണാകുളം എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ജെ ജെ ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം കുട്ടി കിടന്നതാണ് മർദനത്തിന് പ്രകോപനം ഉണ്ടാക്കിയത്. അമ്മയുടെ ആൺസുഹൃത്ത് കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, അമ്മ നെഞ്ചിൽ കൈ നഖം ഉപയോഗിച്ച് മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് മർദന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്.




