17 September, 2025 07:36:39 PM
ഇടുക്കിയിൽ റിസോര്‍ട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു

തൊടുപുഴ: ഇടുക്കി ആനച്ചാല്‍ ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. റിസോര്‍ട്ടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുള്ള ശ്രമത്തിനിടെ മണ്‍തിട്ട ഇടിഞ്ഞാണ് അപകടം. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ആനച്ചാല്‍ ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഇടുക്കിയില്‍ ഇന്ന് പെയ്തിറങ്ങിയ ശക്തായ മഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷാ പ്രവര്‍ത്തനത്തെയും മഴ പ്രതികൂലമായി ബാധിച്ചു. ചിത്തരപുരം പള്ളിയില്‍ നിന്നും മൂന്നൂറ് മീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതും, മണ്ണിടിച്ചില്‍ തുടര്‍ന്നതും രക്ഷാ ദൗത്യം വൈകിച്ചു.