04 September, 2025 12:19:01 PM
ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് 3 മരണം

കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. മഹീന്ദ്ര ഥാർ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. എസ്‌യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഐശ്വര്യയുടെ നില അതീവ ഗുരുതരമാണ്. കെഎസ്ആര്‍ടി ബസിലുണ്ടായിരുന്ന 20 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം രാവിലെ 6.30നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്നു എസ്.യു.വിയുമാണ് അപകടത്തില്‍പ്പെട്ടത്.