30 August, 2025 02:36:23 PM


കോട്ടയം ജില്ലയിലെ പകുതിയിലേറെ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് നടപ്പാക്കി



കോട്ടയം: സർക്കാർ ആശുപത്രികളിൽ കാത്തു നിൽക്കേണ്ടിവരുന്ന നാളുകൾ പഴങ്കഥയാകുകയാണ്. ചീട്ടെടുക്കുന്നതുമുതൽ ആശുപത്രി വിടുന്നതുവരെയുള്ള സേവനങ്ങൾ ക്യൂ ഒഴിവാക്കി വേഗത്തിലാക്കാൻ സഹായിക്കുന്ന ഇ ഹെൽത്ത് സംവിധാനം കോട്ടയം ജില്ലയിലെ പകുതിയിലേറെ സർക്കാർ ആശുപത്രികളിൽ നടപ്പാക്കി.

മെഡിക്കൽ കോളജ് മുതൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വരെയുള്ള ജില്ലയിലെ  88 ആശുപത്രികളിൽ 45 കേന്ദ്രങ്ങളിൽ  ഇ ഹെൽത്ത് സേവനം ലഭ്യമാണ്. ഈ വർഷം ഒൻപതിടത്തുകൂടി നടപ്പാക്കും. 38 ആശുപത്രികൾ കടലാസ്രഹിതമായി.  സവിശേഷ ആരോഗ്യ തിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി ) മാത്രം ഉപയോഗിച്ച് ഒ.പി. ചീട്ട്, ഡോക്ടറെ കാണൽ, മരുന്ന്, നഴ്സിംഗ് -ലാബ് സേവനങ്ങൾ രോഗവിവരങ്ങൾ നൽകൽ എല്ലാം ഡിജിറ്റലാണ്.  

ഡോക്ടറുടെ കുറിപ്പും രോഗിക്ക് ഫോണിൽ കിട്ടും. ബില്ലുകൾ ഇപോസ് മെഷീൻ വഴി അടയ്ക്കാനുള്ള സംവിധാനം 27 ഇടങ്ങളിൽ  നടപ്പാക്കിത്തുടങ്ങി.  ജില്ലയിൽ ഇ ഹെൽത്ത് സംവിധാനം വഴി ഇതുവരെ 1.13 കോടി രോഗീസന്ദർശനങ്ങൾ നടന്നു. 16,48,744 പേർക്ക് യു.എച്ച്.ഐ.ഡിയുണ്ട്.

 2018 ജൂലൈയിൽ കോട്ടയം മെഡിക്കൽ കോളജിലാണ് ജില്ലയിൽ ഇ ഹെൽത്ത് സംവിധാനത്തിന് തുടക്കമിട്ടത്. ഏഴു വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനതല  ഇഹെൽത്ത് റാങ്കിൽ കോട്ടയം ജില്ല എട്ടാമതാണ്. 60 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ പകുതിയിലും പദ്ധതി നടപ്പാക്കി പ്രാഥമികതലത്തിൽ എറെ മുന്നേറി. ജില്ലയിലെ മുഴുവൻ ആശുപത്രികളിലും സമയബന്ധിതമായി ഇഹെൽത്ത് നടപ്പാക്കുമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.

അഞ്ചുവർഷംമുൻപ്  ഇഹെൽത്ത് ജില്ലയിൽ ആദ്യം നടപ്പാക്കിയ  വാഴൂർ, മീനച്ചിൽ, കുറവിലങ്ങാട് കുടുംബാരോഗ്യകേന്ദ്രങ്ങൾ സംസ്ഥാന തല റാങ്കിംഗിൽ  യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലാണ്. ജില്ലയിലെ തന്നെ മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം രണ്ടാം സ്ഥാനവും ബ്രഹ്മമംഗലം, കുറുപ്പുന്തറ കുടുംബാരോഗ്യകേന്ദ്രങ്ങൾ  മൂന്നാം സ്ഥാനവും പങ്കിടുന്നു.

പ്രധാനചികിത്സാകേന്ദ്രങ്ങളായ കുട്ടികളുടെ ആശുപത്രി, കോട്ടയം, കാഞ്ഞിരപ്പളളി,പാലാ ജനറൽ ആശുപത്രികൾ, പാമ്പാടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലും ഇ ഹെൽത്ത് സംവിധാനമായി.
കുറവിലങ്ങാട്, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രികളിൽ പ്രാഥമിക ഘട്ടത്തിലാണ്.

 മണിമല, തലനാട്, അയ്മനം, ഓണംതുരുത്ത്, വിഴിക്കത്തോട്, പൂഞ്ഞാർ ജി.വി. രാജ കുടുംബാരോഗ്യകേന്ദ്രങ്ങൾ, അറുന്നൂറ്റിമംഗലം, എരുമേലി സാമൂഹികരോഗ്യകേന്ദ്രങ്ങൾ, ജില്ലാ ടി.ബി. സെന്റർ എന്നിവിടങ്ങളിൽ ഈ ഹെൽത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ആർദ്രം നോഡൽ ഓഫീസറും ഇ ഹെൽത്ത് ജില്ലാ കോഡിനേറ്ററുമായ ഡോ. ലിന്റോ ലാസർ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തും

പ്രാഥമികാരോഗ്യകേന്ദ്ര തലത്തിൽ ഇ ഹെൽത്ത് സംവിധാനം ഒരുക്കാൻ പത്തു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. രജിസ്ട്രേഷൻ കൗണ്ടർ, കൺസൾട്ടിംഗ് മുറി, നഴ്സിംഗ് സ്റ്റേഷൻ, ലാബ്, ഫാർമസി എന്നിവിടങ്ങളിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കണക്ടിവിറ്റി സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനാണിത്.

നിലവിൽ സംസ്ഥാന സർക്കാർ ഫണ്ട് വിനിയോഗിച്ചാണ് ഇ ഹെൽത്ത് നടപ്പാക്കുന്നത്. തദ്ദേശ  സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് പദ്ധതി വിപുലീകരിക്കാനും അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾക്കുള്ള തുക വകയിരുത്താനും നിർദേശമുണ്ട്.

നിലവിൽ മേജർ ആശുപത്രികളിൽ ഇ ഹെൽത്തിന്റെ എല്ലാ മൊഡ്യൂളുകളും  ഉണ്ട്.  വിവിധ ചികിത്സാ വിഭാഗങ്ങൾ ബന്ധിപ്പിച്ചുള്ള ഡിജിറ്റലൈസേഷന് വിപുലമായ അടിസ്ഥാനസൗകര്യവികസനം ആവശ്യമാണ്.  അടുത്ത ഘട്ടത്തിൽ പൂർണതോതിൽ നടപ്പാകുന്നതോടെ ജില്ലയിലെ മുഴുവൻ ആതുരാലയങ്ങളും  ഇ ഹെൽത്തിൽ  സജ്ജമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.


 ഈസിയാണ് ഇ ഹെൽത്ത്

പൂർണമായും  ഡിജിറ്റലൈസ് ചെയ്ത ചികിത്സാസേവനത്തിനായി സംസ്ഥാന സർക്കാർ  നടപ്പാക്കുന്ന പദ്ധതിയാണ് ഇ ഹെൽത്ത്.  
 ഇ ഹെൽത്ത് പോർട്ടൽ, എം-ഇ ഹെൽത്ത് മൊബൈൽ ആപ്പ്, ഇ ഹെൽത്തുള്ള ആശുപത്രികൾ എന്നിവ വഴി ഐ.ഡി. എളുപ്പത്തിൽ സൃഷ്ടിക്കാം. ഇതിന് ഫോൺ, ആധാർ നമ്പറുകൾ ഉപയോഗിച്ചുള്ള  സവിശേഷ ആരോഗ്യ തിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി) മാത്രം മതി.

ആശ-ആരോഗ്യ പ്രവർത്തകരുടെ സഹായവും തേടാം.
സംസ്ഥാനത്തെ ഏത് ആശുപത്രിയിലും ചികിത്സ തേടാൻ ഈ സംവിധാനത്തിൽ ബുക്ക് ചെയ്യാം, കൗണ്ടറിൽ ക്യൂ നിൽക്കാതെ ഒ പി ടിക്കറ്റെടുക്കാം.  
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയോ മറ്റ് സർക്കാർ ആശുപത്രികളിലെയോ ഡോക്ടറുടെ റഫറൽ കത്തുണ്ടെങ്കിൽ,  യു.എച്ച്.ഐ.ഡി. ഉപയോഗിച്ച് സംസ്ഥാനത്തെ  മെഡിക്കൽ കോളജുകളിലെ എല്ലാ വിഭാഗങ്ങളിലേക്കും ഒ.പി. ടിക്കറ്റ് ബുക്ക്  ചെയ്യാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306