30 August, 2025 10:42:06 AM
കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; 25 ലക്ഷം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂര്‍ ടൗണിലുള്ള പൊന്നൂസ് ഫാന്‍സി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കട പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്.
തീ പിടിച്ച കെട്ടിടത്തിനോട് ചേര്‍ന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് തീ കെടുത്തിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫാന്‍സി സ്റ്റോറിന്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണകച്ചവടത്തിനായി 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ചിരുന്നു. തീപിടുത്തതില്‍ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായായി കടയുടമ പറഞ്ഞു.