29 August, 2025 07:35:10 PM
ഇസ്രയേൽ ആക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു

സന: ഇസ്രയേൽ ആക്രമണത്തിൽ ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടു. വടക്കൻ യെമൻ തലസ്ഥാനമായ സനയിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണം രാഷ്ട്രീയ നേതാക്കളെയും സൈനിക മേധാവികളേയും ലക്ഷ്യം വച്ചുള്ളതായിരുന്നു. അൽ റഹാവിയും കൂട്ടാളികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് യെമൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
അഹമ്മദ് അൽ റഹാവി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ആക്രമണം നടന്നത്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സന ഉൾപ്പെടെയുള്ള വടക്കൻ യെമനിലെ സ്ഥലങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂത്തികൾ. വ്യോമാക്രമണത്തിൽ ഹൂത്തി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ-അതിഫിയും ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ-കരീം അൽ-ഗമാരിയും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.