18 August, 2025 03:43:55 PM
കൊല്ലത്ത് ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്യൂൺ മലപ്പുറം മുതുകുളം ഈട്ടിക്കൽ ഹൗസിൽ ടോണി കെ തോമസ് (27)ആണ് മരിച്ചത്.
രാവിലെ ടോണി എത്തിയാണ് പതിവായി സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നത് കണ്ട് മറ്റു ജീവനക്കാർ ടോണിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ടോണി ഫോൺ എടുത്തിരുന്നില്ല. ഇതേ തുടർന്ന് സഹപ്രവർത്തകർ ടോണി താമസിക്കുന്ന ടൗണിലെ ഫ്ലാറ്റിൽ എത്തി നോക്കിയപ്പോൾ റൂം, അകത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. പിന്നീട് ഫ്ലാറ്റ് ഉടമയിൽ നിന്നും മറ്റൊരു താക്കോൽ വാങ്ങി റൂം തുറന്നപ്പോഴാണ് ടോണി മുറിയിൽ തൂങ്ങി നിൽക്കുന്നത് കാണുന്നത്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. രണ്ട് വർഷമായി ടോണി ഓൺലൈൻ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കൾ പറയുന്നു. ആറ് മാസം മുൻപ് വീട്ടുകാർ ഇടപ്പെട്ട് ടോണിക്ക് കൗൺസിലിങ് നൽകിയിരുന്നു. ഓൺലൈൻ ഗെയിം കളിക്കാതിരിക്കാൻ ടോണി ഉപയോഗിച്ചുകൊണ്ടിരുന്ന ആൻഡ്രോയിഡ് ഫോൺ വീട്ടുകാർ വാങ്ങിവച്ച് ചെറിയ ഫോൺ നൽകിയാണ് കഴിഞ്ഞ തവണ വീട്ടിൽ നിന്നും മടങ്ങിയപ്പോൾ ടോണിയെ വിട്ടത് . എന്നാൽ പത്തനാപുരത്ത് എത്തിയശേഷം സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങി ടോണി പുതിയ ഫോൺ വാങ്ങി വീണ്ടും ഗെയിം കളി ആരംഭിച്ചു.
ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെയായി ടോണി പണം കടം വാങ്ങിയാണ് ഓൺലൈൻ ഗെയിമിൽ പങ്കെടുത്തിരുന്നത്. ഓൺലൈൻ ഗെയിമിലൂടെ വലിയ സാമ്പത്തിക ബാധ്യത ടോണി ഉണ്ടാക്കിയതായും ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ വിശ്വസിക്കുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട പത്തനാപുരം പൊലീസ് കേസെടുത്തു.