15 August, 2025 11:11:54 PM
വിദ്യാർഥികൾ പാഠഭാഗങ്ങളിലെ മാത്രം അറിവുകളുടെ തടവുകാര്‍ ആകരുത് - ഡോ.എസ്.സോമനാഥ്

കൊല്ലം: വിദ്യാർഥികൾ പാഠഭാഗങ്ങളുടെയും അതിൽനിന്നും ലഭിക്കുന്ന അറിവുകളുടെയും തടവുകാരാകരുതെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് അഭിപ്രായപ്പെട്ടു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെയും ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
കലാലയത്തിന്‍റെ ചുവരുകൾക്കപ്പുറമുള്ള അറിവുകളുടെ ആകാശങ്ങളിലേക്ക് കുട്ടികളുടെ ചിന്തയെ കൊണ്ടുപോകാൻ അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ വികാസം 'ഭാവി' എന്ന വാക്കിനെ വിദൂരമല്ലാത്ത കാലമായി രേഖപ്പെടുത്താൻ പോകുകയാണെന്നും സോമനാഥ് ചൂണ്ടികാട്ടി. നവീനമായ സാങ്കേതികസംവിധാനങ്ങൾ നൽകുന്ന അതിവേഗമാർന്ന കംപ്യൂട്ടിങ് സൗകര്യമാണ് നിർമിതബുദ്ധിയെ ഇത്രയും ശ്രദ്ധേയമാക്കിയതെന്നും എല്ലാ മേഖലകളിലുളളവരും നിര്‍മിതബുദ്ധിയുടെ പ്രായോഗികതയെപറ്റി ബോധവാനാമാരായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡക്ഷൻ പ്രോഗ്രാം ലുമിനേറ്റ് '25 ടെക്ജനിഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ടികെഎം കോളജ് ട്രസ്റ്റ് പ്രസിഡന്‍റ് ഷഹാൽ ഹസൻ മുസല്യാർ അധ്യക്ഷനായിരുന്നു. ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസല്യാർ, അംഗങ്ങളായ ജമാലുദ്ദിൻ മുസല്യാർ, അക്ബർ മുസല്യാർ, സാദിഖ് താഹ, ഡോ.എം. ഹാറൂൺ, ഡയറക്ടർ ഡോ.എസ്.അയൂബ്, പ്രിൻസിപ്പൽ ഡോ.ഗൗരി മോഹൻ, വൈസ് പ്രിൻസിപ്പൽ ഡോ.എം. മുബാറക്, അഡ്മിനിസ്ട്രേറ്റർ കെ.ഷഹീർ, ഡോ.നിജിൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. എൻജിനീയറിങ് മേഖലയിലെ ഭാവിസാധ്യതകളെപ്പറ്റി വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തോടെയുള്ള ഇൻഡക്ഷൻ പ്രോഗ്രാം 26 വരെ നീളും.