15 August, 2025 09:42:44 AM
വീട്ടുകാരെ വാതിലടച്ച് സുരക്ഷിതരാക്കി; കൂട് നശിപ്പിക്കുന്നതിനിടെ കടന്നൽ കുത്തി; യുവാവ് മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റത്തെ മരത്തിലെ കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കഴുത്തിൽ കടന്നൽ കുത്തേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ബാലരാമപുരത്ത് ആണ് സംഭവം. വെടിവച്ചാന്‍കോവില്‍ പുല്ലുവിളാകത്ത് വീട്ടില്‍ രതീഷ് (37) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് വെടിവച്ചാന്‍ കോവിലിനു സമീപം ഇഞ്ചക്കര ലേഖയുടെ വീട്ടിലെ മരത്തിലുണ്ടായിരുന്ന കടന്നലിനെ നശിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവം നടന്ന സമയത്ത് യുവാവിനോടൊപ്പം സുഹൃത്തും ഉണ്ടായിരുന്നു.
ലേഖയുടെ പിതാവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് രതീഷും സുഹൃത്തും കടന്നലിനെ നശിപ്പിക്കാനുളള പെട്രോളുമായി എത്തിയത്. വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട ശേഷം കടന്നലിനെ നശിപ്പിക്കാനായി കടന്നല്‍ കൂടുളള മരച്ചില്ല വെട്ടി താഴേക്കിടുന്നതിനിടയിലാണ് യുവാവിന്റെ കഴുത്തിൽ കുത്തേറ്റത്.
ഉടൻ തന്നെ യുവാവിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ രാത്രിയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.