29 July, 2025 02:53:32 PM
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്‌ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉടൻ പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
യുവതി ഇരുന്നതിന്റെ എതിർ സീറ്റിൽ ഇരുന്ന യുവാവ് യുവതിക്ക് മുന്നിൽവച്ച് നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. യുവതി വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്‌ടകൾ കാണിക്കുന്നത് തുടർന്നു. പിന്നീട് കൊല്ലത്ത് ഇറങ്ങിയ ഇയാൾ മറ്റൊരു ബസിൽ കയറി പോവുകയായിരുന്നു. ഇതേ ബസിൽ വേറെയും മൂന്ന് സ്‌ത്രീകൾ ഉണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും യുവതി അറിയിച്ചു.
പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു. അതേസമയം, പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്. രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളിൽ ആശങ്ക ഉണര്‍ത്തുന്നതാണ് ഈ സംഭവം.