24 July, 2025 09:38:07 PM
അസഭ്യം പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥി മരിച്ച സംഭവം; അയൽക്കാരി അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് അസഭ്യവര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. വെണ്ണിയൂര്‍ സ്വദേശി രാജം ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. രാജത്തിനെതിരെ അയല്‍വാസികളും ബന്ധുക്കളും പൊലീസിന് തെളിവ് കൈമാറിയിട്ടുണ്ട്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പതിനെട്ടുകാരിയായ അനുഷയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഴിഞ്ഞം വെങ്ങാനൂര്‍ പഞ്ചായത്തില്‍ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകളാണ് അനുഷ. വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
അയല്‍വാസിയുടെ മകന്‍ രണ്ടാമത് വിവാഹിതനായിരുന്നു. ഇയാളുടെ ആദ്യ ഭാര്യ, കഴിഞ്ഞ ദിവസം അനുഷയുടെ വീട്ടിലെത്തുകയും അവിടെയുള്ള മതില്‍ കടന്ന് അയല്‍വാസിയുടെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ഇതിന് സഹായം നല്‍കിയത് അനുഷയാണെന്ന് ആരോപിച്ച് അസഭ്യം പറഞ്ഞെന്നാണ് ആരോപണം. തുടർന്ന് പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പാറശ്ശാല ധനുവച്ചപുരം ഐടിഐയില്‍ പ്രവേശനം നേടിയ അനുഷ പഠനത്തിന് തയ്യാറെടുക്കുന്നതിന് ഇടയിലാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.