21 July, 2025 09:00:37 AM
യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞു; യുവാവ് ചികിത്സ വൈകി മരിച്ചു; പത്തുപേർക്കെതിരേ കേസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ ദാരുണമായി മരിച്ചു. വിതുര കല്ലൻകുടി ആര്യഭവനിൽ ബിനു(44)വാണ് മരിച്ചത്.ശനിയാഴ്‌ച പകലാണ് കണ്ണിൽച്ചോരയില്ലാത്ത ക്രൂരത അരങ്ങേറിയത്. ശനി പകൽ 2.30നാണ് ആസിഡ് ഉള്ളിൽച്ചെന്ന നിലയിൽ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്‌ക്കുശേഷം ആംബുലൻസിൽ അടിയന്തരമായി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങവെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് തടഞ്ഞത്.
സംഭവത്തിൽ പത്തുപേർക്കെതിരേ വിതുര പൊലീസ് കേസെടുത്തു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ ലാൽ റോഷിൻ അടക്കം കണ്ടാലറിയാവുന്ന പത്തുപേരെയാണ് പ്രതിചേർത്തത്. ആംബുലൻസ് തടഞ്ഞതിനും മെഡിക്കൽ ഓഫീസർ അടക്കമുള്ളവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞിട്ടത്.
ആംബുലന്‍സ് തടഞ്ഞത് കാരണം ബിനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, പ്രതിഷേധത്തിന് ശേഷമാണ് ബിനുവിനെ വിതുര ആശുപത്രിയില്‍ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൽകുന്ന വിശദീകരണം.