20 July, 2025 10:55:40 AM


തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു



തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. നെടുമങ്ങാട് പനയമുട്ടത്ത് രാത്രി 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്നാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. കാറ്ററിങ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറുകയായിരുന്നു. അപകടസമയത്ത് ബൈക്കിൽ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. യുവാവിന് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു. അപകടം നടന്നതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിളിച്ചുകൂട്ടി യുവാവിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റാണ് പൊട്ടിവീണതെന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം സമീപപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മരമൊടിഞ്ഞ് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K