12 July, 2025 04:46:26 PM
നെടുമങ്ങാട് നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് വേങ്കവിളയിലെ നീന്തല്‍ കുളത്തില്‍ കുട്ടികള്‍ മുങ്ങി മരിച്ചു. കുശര്‍കോട് സ്വദേശികളായ ആരോമല്‍ (13),സിനില്‍ (14) എന്നിവരാണ് മരിച്ചത്. നീന്തലറിയാത്ത ഇവര്‍ കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ആനാട് പഞ്ചായത്തിലെ നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകീട്ടും ഇവിടെ കുട്ടികള്‍ക്ക് നീന്തല്‍ പരീശീലനം നല്‍കാറുണ്ട്. അതിന് പഞ്ചായത്ത് പരിശീലകരെയും വച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ഇരുവരും ഇവിടെ നീന്താന്‍ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ആരും പരിശീലകരോ മറ്റ് ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശവാസികളായ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.