13 May, 2025 09:01:05 AM
നന്തന്‍കോട് കൂട്ടക്കൊലപാതകം: ശിക്ഷാ വിധിയില്‍ ഇന്ന് വാദം

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ ശിക്ഷാ വിധിയിൽ ഇന്ന് വാദം. പ്രതി കേഡൽ ജിൻസൺ രാജക്കെതിരായ ശിക്ഷ വിധിക്കുന്നത് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ. നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ വിധി പ്രസ്താവിക്കുന്നത് 7 വർഷം നീണ്ട വിചാരണക്കൊടുവിൽ. കേദലിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തെ നടുക്കിയ കൂട്ടക്കൊലയില്‍ കേദല്‍ ഏകപ്രതിയാണ്.
രണ്ട് തവണ വിധി പറയാന്‍ മാറ്റിവച്ച ശേഷമാണ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 65 ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. മാതാപിതാക്കളെ ഉള്‍പ്പെടെ പ്രതി കൊലപ്പെടുത്തിയ രീതി അതിക്രൂരമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദല്‍ സ്വീകരിച്ചത്. ഫോറന്‍സിക് തെളിവുകള്‍ ആയിരുന്നു പ്രോസിക്യൂഷന്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിയത്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദ കഥകള്‍ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.
2017 ഏപ്രില്‍ 9നു പുലര്‍ച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.